ഭാര്യയുടെ പരസ്ത്രീ ബന്ധത്തിൽ ജനിച്ച കുഞ്ഞിനും നിരപരാധിയായ ഭർത്താവ് ചെലവിന് കൊടുക്കണമോ ? സുപ്രീം കോടതി യഥാർത്ഥത്തിൽ പറഞ്ഞത് എന്ത് ?
ഭാര്യയുടെ പരസ്ത്രീബന്ധത്തിൽ ജനിച്ച കുഞ്ഞിനും നിരപരാധിയായ ഭർത്താവ് ചെലവ് കൊടുക്കണോ? സുപ്രീം കോടതി യഥാർത്ഥത്തിൽ പറഞ്ഞത് എന്ത്?
=================================
• സലിൽ കുമാർ
• അഡ്വക്കേറ്റ്
• റോൾ നമ്പർ കെ/136/1999
• കോഴിക്കോട് - 673001
• ഫോൺ: 8075113965
• advocatesalil@gmail.com
ഭാര്യയുടെ പരസ്ത്രീബന്ധത്തിലൂടെ ജനിച്ച കുഞ്ഞിന് പോലും, വിവാഹം നിലനിൽക്കുന്ന കാലത്ത് ജനിച്ചതിനാൽ, ഭർത്താവിന് ചെലവ് കൊടുക്കണമെന്ന് സുപ്രീം കോടതി പുതിയതായി വിധിച്ചു എന്ന വാർത്ത അടുത്തിടെവ്യാപകമായികേൾക്കപ്പെടുന്നു.ഇത് നിയമപരമായി ശരിയായി മനസ്സിലാക്കേണ്ട ഒരു വിഷയമാണ്.
ഇത് സുപ്രീം കോടതി പുതിയൊരു നിയമം സൃഷ്ടിച്ചിട്ടില്ല. പകരം, ഇന്ത്യൻ നിയമവ്യവസ്ഥയിൽ നൂറിലധികം വർഷങ്ങളായി നിലനിൽക്കുന്ന ഒരു നിയമപരമായ ഒരു അനുമാനത്തിൽ ഒരു ശക്തമായ ഒരു ഇടപെടൽ നടത്തി എന്ന്മാത്രമാണ് ഉണ്ടായത്. പക്ഷെ, DNA ടെസ്റ്റ് നടത്തി ഭർത്താവിിന് തൻ്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു അവസരം ഇതുവരെ ഉണ്ടായിരുന്നു. എന്നാൽ ഈ വിധിയോടെ, അതാണ് ഏതാണ്ട് മിക്കവാറും ഇല്ലാതായത് ! DNA ടെസ്റ്റുകൾ യാന്ത്രികമായി കുടുംബ കോടതികൾ നടത്താൻ ഉത്തരവിട്ടരുത് എന്ന നിർദ്ദേശത്തോടെ ഭർത്താവിൻ്റെ ഏക പിടിവള്ളി കൂടി നഷ്ടപ്പെട്ടു എന്നതാണ് സത്യം. കഴിഞ്ഞ കാലയളവിൽ ഭാര്യയുമായി ബന്ധം വക്കാനുള്ള യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്ന് ഭർത്താവിന് നിയമപരമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ , കോടതികൾ DNA ടെസ്റ്റ് ഉത്തരവിടാവൂ എന്നാണ് സുപ്രീം കോടതി പറഞ്ഞ് വെച്ചത് . അതിന് കാരണമായി സുപ്രീം കോടതി പറഞ്ഞത് DNA ടെസ്റ്റുകൾ കുട്ടിയുടെ മനസ്സിൽ കടുത്ത ആഘാതം ഉണ്ടാക്കുമെന്നാണ് !
ഈ വിധിയുടെ അടിസ്ഥാനം തെളിവ് നിയമത്തിലെ വകുപ്പ് 112 ആണ്.
തെളിവ് നിയമത്തിലെ വകുപ്പ് 112 (ഇപ്പോൾ ഭാരതീയ സാക്ഷ്യ അധിനിയമം, 2023- വകുപ്പ് 116 ) ൽ പറയുന്നത് ഇങ്ങനെ :
നിയമപരമായ വിവാഹം നിലനിൽക്കുന്ന കാലത്ത് ജനിച്ച കുഞ്ഞ്, നിയമപരമായി ഭർത്താവിന്റെ നിയമസന്താനമാണ്. ഇത് നിയമപരമായ ഒരു അനുമാനം ആണ്.ഭാര്യയുടെ പരസ്ത്രീബന്ധം, സംശയം, ആരോപണം — ഇവ ഒന്നും തന്നെ ഈ ധാരണയെ തകർക്കില്ല.
ഇത് തകർക്കാൻ ഭർത്താവിന് ഒരേയൊരു മാർഗമേയുള്ളൂ. അതായത്, ഗർഭധാരണ സമയത്ത് ഭർത്താവിനും ഭാര്യയ്ക്കും തമ്മിൽ ശാരീരികബന്ധം അസാധ്യമായിരുന്നുവെന്ന് നിയമപരമായി തെളിയിക്കുക. ഇത് എത്രത്തോളം സാധ്യമാണ് എന്നത് കണ്ടു തന്നെ അറിയണം ! അങ്ങിനെ ഭർത്താവിന് ആദ്യം തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ കുടുംബ കോടതികൾ DNA ടെസ്റ്റിിന് ഉത്തരവിടാവൂ എന്നാണ് കോടതിയുടെ നിർദ്ദേശം. മാത്രവും അല്ല , കോടതി പറഞ്ഞു
“DNA പരിശോധന വ്യക്തിപരമായ സ്വകാര്യത ലംഘിക്കുന്നു . കുഞ്ഞിനെ ജീവിതകാലം മുഴുവൻ അപമാനത്തിലാക്കും Non-access തെളിയിക്കാതെ DNA ടെസ്റ്റ് അനുവദിക്കരുത്”-
DNA ടെസ്റ്റും അനുവദിക്കാതെ കുട്ടിയുടെ പിതൃത്ത്വം എങ്ങിനെ തെളിയിക്കും എന്ന് ചോദിച്ചാൽ , കോടതിക്ക് ഉത്തരവും ഇല്ല !
2025ലെ സുപ്രീം കോടതി വിധി – Ivan Rathinam എന്ന കേസിലാണ് ഈ സുപ്രധാന വിധി വന്നത് . Ivan Rathinam v. Milan Joseph (2025) എന്ന ഈ കേസിൽ, കേരളത്തിൽ നിന്നുയർന്ന ഒരു തർക്കമാണ് സുപ്രീം കോടതി പരിഗണിച്ചത്. കുടുംബ കോടതി കൂടാതെ കേരള ഹൈക്കോടതിയും, കുഞ്ഞ് ഭർത്താവിന്റേതല്ലെന്ന് സംശയിച്ച്, ആരോപിതനായ ജൈവപിതാവിനെതിരെ വീണ്ടും ചെലവ് കേസ് വീണ്ടും തുറക്കാൻ ശ്രമിച്ചപ്പോൾ ആണ് സുപ്രീം കോടതി ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചത്.
ഈ വിധിയിലൂടെ കോടതി പറഞ്ഞത് :
• നിയമപരമായി ഒരു വിവാഹബന്ധം നിലനിൽക്കുമ്പോൾ , ജനിക്കുന്ന ഒരു കുഞ്ഞിന്റെ നിയമപരമായ പിതാവ് , ഭർത്താവ് തന്നെയാണ്. അത് ഭാര്യയുടെ പരസ്ത്രീ ബന്ധത്തിൽ ജനിച്ച കുഞ്ഞാണെങ്കിൽ പോലും !
• ജൈവപരമായ പിതൃത്വം, നിയമപരമായ പിതൃത്വത്തെ മറികടക്കില്ല.
• കുഞ്ഞിന്റെ നിയമപരമായ പിതൃത്വം , DNA ടെസ്റ്റ് വഴി തകർക്കാൻ കുടുംബ കോടതികൾ പാടില്ല
DNA ടെസ്റ്റ് ഒരു സാധാരണ നടപടി അല്ല എന്ന് Kamti Devi v. Poshi Ram, Banarsi Dass v. Teeku Dutta എന്നീ രണ്ട് മുൻ വിധികൾ ആവർത്തിച്ച് സുപ്രീം കോടതി വ്യക്തമാക്കി:
• DNA പരിശോധന വ്യക്തിപരമായ ഒരാളുടെ സ്വകാര്യത ലംഘിക്കുന്നു
• കുഞ്ഞിനെ ജീവിതകാലം മുഴുവൻ അപമാനത്തിലാക്കും.
• Non-access തെളിയിക്കാതെ DNA ടെസ്റ്റ് അനുവദിക്കരുത്
ഇത് Puttaswamy കേസിൽ അംഗീകരിച്ച സ്വകാര്യതാവകാശത്തോടും പൊരുത്തപ്പെടുന്നു എന്നും കോടതി വ്യക്തമാക്കി .
അപ്പോൾ നിരപരാധിയായ ഭർത്താവ് ചെലവ് കൊടുക്കണോ?
നിയമപരമായി — Non-access തെളിയിക്കാത്തിടത്തോളം, കൊടുക്കണം എന്ന് തന്നെയാണ് ഈ പുതിയ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കുന്നത്. കാരണം, CrPC 125 വകുപ്പ് പ്രകാരമുള്ള ചെലവ് കൊടുക്കാനുള്ള ബാധ്യത നിയമപരമായ പിതൃത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലാതെ, ജൈവപരമായ സത്യത്തെ അടിസ്ഥാനമാക്കി ഉള്ളതല്ല ! കുഞ്ഞ് വിവാഹം നിലനിൽക്കുന്ന കാലത്ത് ജനിച്ചാൽ, ഭർത്താവ് മാത്രമായിരിക്കും നിയമപരമായി പിതാവ് എന്ന് ഈ കേസിൽ കോടതി കണ്ടെത്തി. അതിനാൽ ആ കുഞ്ഞിൻ്റെ സംരക്ഷണ ചെലവും ആ നിയമപരമായ പിതാവിൻ്റെ ബാധ്യതയായിരിക്കും.
ഇത് തെളിയിക്കാനുളള ബാധ്യത ആരുടേത്?
ഇത്തരം കേസുകളിൽ നിയമപരമായി പിതൃത്വം ചോദ്യം ചെയ്യുന്ന ഭർത്താവിൻ്റെ ബാധ്യതയായിരുക്കും ഇത് തെളിയിക്കുക എന്നത് ' എന്നാൽ ഇത് എങ്ങിനെ തെളിയിക്കും എന്നത് വ്യക്തമല്ല !
ഇവിടെ ഭർത്താവ് സാധാരണയായി തെളിയിക്കേണ്ട കാര്യങ്ങൾ :
• ദീർഘകാലമായി ഭാര്യയുമായുള്ള വേർപാട്, അല്ലെങ്കിൽ
• ഗർഭധാരണ സമയത്ത് ശാരീരികബന്ധം അസാധ്യമെന്ന കാര്യം
* വെറും വ്യഭിചാര ആരോപണങ്ങൾ മാത്രം മതിയായ കാരണം ആകില്ല .
കേരള ഹൈക്കോടതി സമീപനവും സുപ്രീം കോടതിയുടെ തിരുത്തലും :
നിരവധി കേരള ഹൈക്കോടതി വിധികൾ ജൈവ പിതൃത്വത്തിന് കൂടുതൽ പ്രാധാന്യം
നൽകിയപ്പോൾ സുപ്രീം കോടതി ഈ വിധിയിലൂടെ വിവാഹ ബന്ധം നിലനിൽക്കുമ്പോൾ ഉള്ള നിയമപരമായ പിതൃത്വവും ആ കുഞ്ഞിൻ്റെ പരിപാലനത്തിനുള്ള നിയമപരമായ ബാധ്യതയും (അത് അയാളുടെ കുഞ്ഞ് അല്ലെങ്കിൽ തന്നെയും) ഇന്ത്യൻ തെളിവെടുപ്പ് നിയമം വകുപ്പ് 112 ( ഭാരതീയ സാക്ഷ്യ അധിനിയമം , വകുപ്പ് 116) പ്രകാരമുള്ള അനുമാനം വഴി പുനസ്ഥാപിച്ചു.
ഉപസംഹാരം :
സുപ്രീം കോടതി പുതിയൊരു നിയമം കൊണ്ടുവന്നതല്ല. നേരത്തെ ഉണ്ടായിരുന്ന ഇന്ത്യൻ തെളിവെടുപ്പ് നിയമത്തിലെ വകുപ്പ് വിശദീകരിച്ച് DNA ടെസ്റ്റ്കൾ യാന്ത്രികമായി ഉത്തരവിടരുത് എന്ന് നിർദ്ദേശത്തോടെ കേരള ഹൈക്കോടതി വിധിയെ പൊളിച്ചെഴുതുകയാണ് ചെയ്തത് '
വിവാഹ ബന്ധം നിലനിൽക്കുമ്പോൾ, ഒരു ' സ്ത്രീ " പരസ്ത്രീ ബന്ധത്തിന് പോയാലും " കുഞ്ഞ് നിയമപരമായി അനാഥനാകാതിരിക്കാനാണ് ഈ നിലപാട് എന്നും Non-access തെളിയിക്കുന്നതുവരെ, ഭർത്താവ് തന്നെയായിരിക്കും നിയമപരമായ പിതാവ് എന്നും കുട്ടിയുടെ ചെലവിന്റെ എല്ലാ ബാധ്യതയും ഭർത്താവിൻ്റെത് മാത്രം ആയിരിക്കുമെന്നും കോടതി സംശയലേശം കൂടാതെ പറഞ്ഞു വെച്ചു. ഇത് ഭർത്താവിനെ ശിക്ഷിക്കാനല്ല , മറിച്ച് , കുഞ്ഞിന്റെ സാമൂഹിക-നിയമ സംരക്ഷണത്തിനാണ് എന്നാണ് സുപ്രീം കോടതിയുടെ പ്രത്യേക കണ്ടെത്തൽ !
ഭർത്താക്കൻമാരോടുള്ള ഗുണപാഠം :
വിവാഹ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിൽ ഉടൻ വിവാഹ ബന്ധം ഒഴിയുക, അല്ലെങ്കിൽ മറ്റൊരാളുടെ കുഞ്ഞിനും ചെലവിന് കൊടുക്കേണ്ടി വരും ! ജാഗ്രതൈ !


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home