13.12.25

നടി ആക്രമണ കേസിലെ വിധിയുടെ രത്ന ചുരുക്കം

നടി ആക്രമണ കേസിലെ വിധിയുടെ രത്‌ന ചുരുക്കം

..................................................

(SC No.118/2018 – പ്രിൻസിപ്പൽ ജില്ലാ & സെഷൻസ് കോടതി, ഏറണാകുളം )

തയ്യാറാക്കിയത് :

അഡ്വക്കേറ്റ് സലിൽ കുമാർ 

Roll No. K/136/1999

കോഴിക്കോട്

ഫോൺ : 8075113965


 I. കേസിൻ്റെ പശ്ചാത്തലം:

2017 ഫെബ്രുവരി 17-ന് ഒരു പ്രമുഖ മലയാള നടിയെ തട്ടി കൊണ്ടുപോകുകയും വാഹനത്തിൽ വച്ച് ലൈംഗികമായി ആക്രമിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സംഭവമാണ് ഈ കേസിന് ആധാരം.

പ്രോസിക്യൂഷന്റെ വാദം:

1. എട്ടാം പ്രതി (ദിലീപ്) ആണ് കേസിന്റെ പ്രധാന ഗൂഢാലോചനക്കാരൻ ആയി 120 B IPC പ്രകാരം കുറ്റക്കാരനായി പ്രോസിക്യൂഷൻ ഉയർത്തി കാട്ടിയത്.

2. 1 മുതൽ 6 വരെയുള്ള പ്രതികൾ ആ ഗൂഢാലോചന നേരിട്ട് നടപ്പാക്കി എന്നും ആയിരുന്നു ആരോപണം.

 8 വർഷത്തെ നീണ്ടുനിന്ന അന്വേഷണവും വിചാരണയും കഴിഞ്ഞാണ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ & സെഷൻസ് കോടതി ജഡ്ജ് ഹണി എം വർഗ്ഗീസ് ഈ വിധി പ്രസ്താവിച്ചത്.

ഇതായിരുന്നു വിധി :

🔹 A8 (ദിലീപ്) – 120 B IPC പ്രകാരം ആരോപിക്കപ്പെട്ട ക്രിമിനൽ ഗൂഡാലോചന പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ A8 നെ 120 B IPC പ്രകാരം കുറ്റക്കാരനല്ലെന്ന്കണ്ട് വെറുതെവിടുന്നു എന്ന് ഉത്തരവിട്ടു.

🔹 എന്നാൽ A1 മുതൽ A6 വരെ യുള്ള പ്രതികൾ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞെന്നും അതിനാൽ 1 മുതൽ 6 വരെ പ്രതികളെ 20 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചു കൊണ്ടും കോടതി ഉത്തരവിട്ടു.

II. പ്രതി 8 നെ (ദിലീപിനെ ) വെറുതെ വിടാനുള്ള കാരണമായി കോടതി പറയുന്നത് : 

A. A8-നെതിരായ മുഖ്യ കുറ്റാരോപണം 120 B IPC പ്രകാരമുള്ള ക്രിമിനൽ ഗൂഡാലോചന മാത്രമാണ്.   നടിയെ ആക്രമിച്ചതിൽ , നേരിട്ടുള്ള പങ്കാളിത്തം A8-ന് എവിടെയും പ്രോസിക്യൂഷനോ അതിജീവിതയോ  ' ആരോപിക്കുന്നില്ല.  അതിനാൽ, ഗൂഢാലോചന തെളിയിച്ചാൽ മാത്രം A8 കുറ്റക്കാരനാകുമായിരുന്നു.

 IPC വകുപ്പ് 120 B പ്രകാരമുള്ള ക്രിമിനൽ ഗൂഡാലോചന സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് കോടതി കണ്ടെത്തി.

ആധാരമായ  വിധി ന്യായങ്ങൾ :

1. കേഹർ സിംഗ് v. സ്റ്റേറ്റ് (ഡൽഹി അഡ്മിൻ) – (1988) 3 SCC 609

2.നവ്ജോത് സന്ധു കേസ് – (2005) 11 SCC 600

ഈ രണ്ട് കേസുകളിലെയും പ്രധാന നിയമ തത്വം ഇതാണ് :

ഗൂഢാലോചന തെളിയിക്കാൻ , ഗൂഡാലോചന ചെയ്ത ആളും അത് നടപ്പിലാക്കിയ  ആളുകളും തമ്മിൽ മനസ്സുകളുടെ ഏകോപനം നിർബന്ധമാണ്. അതിനുള്ള തെളിവുകളാണ് ആവശ്യം. അവർ തമ്മിൽ ഫോണിലോ അല്ലാതയോ ബന്ധപെട്ടതിൻ്റെ തെളിവുകൾ , പണമിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൻ്റെ  പേരിൽ രേഖകൾ എന്നിവ ആണ് ആവശ്യം. അവർ തമ്മിൽ ഒരുമിച്ചുള്ള ഫോട്ടോ മതിയായ തെളിവല്ല !  അതായത്, അനുമാനങ്ങളും സംശയങ്ങളും , ബന്ധങ്ങളും മാത്രം മതിയാകില്ല എന്നർത്ഥം.  A8-നും A1-നും ഇടയിൽ നിയമപരമായി അംഗീകരിക്കാവുന്ന "കൂട്ട് ഉത്തരവാദിത്വം" പ്രോസിക്യൂഷന്   തെളിയിക്കാനായില്ല എന്ന് കോടതി കണ്ടെത്തി. 

B. രണ്ടാമത്തെ കാരണം, A8-നെതിരായ അതിജീവിതയുടെ കുറ്റാരോപണങ്ങളിൽ ഉണ്ടായ വലിയ കാലതാമസം പ്രോസിക്യൂഷന് തിരിച്ചടിയായി.  അതാണ് കോടതി പരിഗണിച്ച മറെറാരു പ്രധാന വസ്തുത. അതായത് സംഭവം നടന്നത്   17-02-2017 ന് ആണ്. തുടർന്ന് രേഖപെടുത്തപെട്ട അതിജീവിതയുടെ   ആദ്യ മൊഴികളിൽ A8-ന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നീട്, A8-നെതിരായ ആരോപണം ഉയർന്നത് 03-06-2017 ന് ശേഷം മാത്രം ആണ്. അതായത് 3 മാസത്തോളം വൈകിയാണ് A8-ന്റെ പേര് കേസിൽ പ്രത്യക്ഷപ്പെട്ടത്. അത് തന്നെ അയാളുടെ ആദ്യ ഭാര്യയുടെ ഒരു പ്രസംഗത്തിന് ശേഷം  !  

ആധാരമായ  വിധി ന്യായങ്ങൾ :

1. തുലിയ കാളി v. സ്റ്റേറ്റ് ഓഫ് തമിഴ്നാട് – (1972) 3 SCC 393

ഈ കേസിലെ പ്രധാന തത്വം :

ഈ കേസിൽ സുപ്രീം കോടതി പറഞ്ഞത്,  പ്രതിക്ക് എതിരായി വരുന്ന ആരോപണത്തിൽ ഉണ്ടാകുന്ന അമിത കാലതാമസം, വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കും. ഈ കേസിൽ 3 മാസത്തെ കാലതാമസത്തിന് പ്രോസിക്യൂഷന് യാതൊരു പ്രത്യേക വിശദീകരണവും ഇല്ല.

C. മാപ്പു സാക്ഷിയുടെ (Approver) മൊഴികളുടെ അവിശ്വാസ്യത കോടതി  കാര്യമായി കണക്കിലെടുത്തു. പ്രോസിക്യൂഷൻ വലിയ ആശ്രയം വെച്ചത് മാപ്പു സാക്ഷിയുടെ മൊഴിയിലാണ്. എന്നാൽ കോടതി കണ്ടെത്തിയത്, മാപ്പു സാക്ഷിയുടെ മൊഴിയിൽ അവസാന നിമിഷം കോടതിയിൽ വലിയ മാറ്റങ്ങൾ (improvements) സംഭവിച്ചിട്ടുണ്ട് എന്നാണ്. പിന്നീട് രൂപപ്പെടുത്തിയ പ്രോസിക്യൂഷൻ കഥയ്ക്ക് അനുസരിച്ച് മൊഴികൾ “തിരുത്തിയതുപോലെ” കോടതിക്ക് തോന്നി. “മോതിരം ചിത്രീകരിക്കണം” എന്ന നിർദ്ദേശം സംബന്ധിച്ച മാപ്പ് സാക്ഷിയുടെ  മൊഴിയിലെ വൈരുദ്ധ്യം നടിയുടെ വിവാഹ നിശ്ചയം സംഭവിച്ചതിന് ശേഷം മാത്രമുള്ള കാര്യം ആണെന്ന് കോടതി കണ്ടെത്തി. അത് കൊണ്ട് തന്നെ മാപ്പു സാക്ഷി ഉടെ മൊഴി വിശ്വസനീയമല്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

ആധാരമായ  വിധി ന്യായങ്ങൾ :

1. സർവൺ സിംഗ് v. സ്റ്റേറ്റ് ഓഫ് പഞ്ചാബ് – (1957) SCR 953

ഈ കേസിലെ പ്രധാന  നിയമതത്വം :

ഏറെ വൈരുദ്ധ്യങ്ങൾ ഉള്ള  മാപ്പ് സാക്ഷിയുടെ മൊഴികൾ "സ്വതന്ത്രമായി" വിശ്വസിക്കാവുന്നതല്ല , അവക്ക്പ്രധാന ഭാഗങ്ങളിൽ ശക്തമായ മറ്റ് സാക്ഷിമൊഴികളുടെ  പിന്തുണ (Corroboration) ആവശ്യം ആണെന്ന് കോടതി പറയുന്നു.  അത്തരം പിന്തുണ മറ്റ് സാക്ഷിമൊഴികളിൽ ഇല്ലെന്നും കോടതി കണ്ടെത്തി.

D. " 2013 മുതൽ A8 അതിജീവിതയെ ആക്രമിക്കാൻ  പദ്ധതിയിട്ടു” എന്ന പ്രോസിക്യൂഷൻ്റെ വാദം  കോടതി തള്ളി.

പ്രോസിക്യൂഷൻ വാദിച്ചത്  2013 മുതൽ തന്നെ A 8 ആക്രമണം ആസൂത്രണം ചെയ്തു തുടങ്ങി എന്നാണ്. എന്നാൽ കോടതി പറഞ്ഞത്, ഇത് വെറും അനുമാനം മാത്രമാണ്.  വിശ്വസനീയമായ തെളിവൊന്നും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞില്ല.

ആധാരമായ  വിധി ന്യായങ്ങൾ :

1. ശരദ് ബിർദ ചന്ദ്ര vs സേറ്ററ്റ് ഓഫ് മഹാരാഷ്ട്ര (1984)

1984 ൽ ആണ് സാഹചര്യ തെളിവുകളിൽ കോടതി എങ്ങിനെ തെളിവുകളെ വിശകലനം ചെയ്യണമെന്നതിനെ കുറിച്ച് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഈ വിധി ഇന്നും സാഹചര്യ തെളിവുകളുടെ വിശകലനത്തിലെ സുവർണ്ണ തത്വമായി അംഗീകരിക്കപെടുന്നു. സാഹചര്യ തെളിവുകളുടെ  വിശകലനത്തിൽ 'ഒരു ചങ്ങലയിലെ കണ്ണികൾ പോലെ ആണെന്ന് കണ്ടത്തിയ കോടതി , അതിൽ ഒരു കണ്ണി പോലും പൊട്ടിയാൽ, പ്രതികൾക്ക് സംശയത്തിൻ്റെ ആനുകൂല്യം നൽകണമെന്ന് കോടതി പ്രത്യേകം നിഷ്കർഷിച്ചു. മാത്രവും അല്ല, പ്രതികൾക്കെതിരെയുള്ള സംശയമല്ല കണക്കിലെടുക്കേണ്ടത് എന്നും നിയമപരമായ തെളിവുകൾ മാത്രമാണ് പരിഗണിക്കേണ്ടത് എന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചു.

" പ്രതിക്കെതിരെ ശക്തമായ സംശയം ഉണ്ടായാൽ പോലും അത് ഒരു തെളിവിന് പകരമാവില്ല , ക്രിമിനൽ കോടതി തെളിവുകൾ മാത്രമേ നോക്കാവൂ എന്നും എത്ര വലിയ സംശയങ്ങൾ പ്രതികൾക്ക് എതിരെ ഉണ്ടായാലും അത് ഒരു നിയമപരമായ തെളിവിന്പകരമാകില്ല എന്നും കോടതി  കണ്ടെത്തി.

 E. A 8- (ദിലീപിനെ ) വെറുതെവിട്ടതിന്റെ നിയമപരമായ അടിസ്ഥാനം : 

ഈ കേസിൽ കോടതി കണ്ടെത്തിയത് താഴെ പറയുംപ്രകാരമാണ് :

1. A8 നെതിരായ ക്രിമിനൽ ഗൂഢാലോചന പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ    കഴിഞ്ഞില്ല.

 2. മാപ്പു സാക്ഷി യുടെ മൊഴികൾ വിശ്വസനീയമല്ല. അതിന് അനുകുലമായ മൊ ഴികൾ (Corroborating evidence) മറ്റ് മൊഴികളിൽ കണ്ടില്ല എന്നതും ശ്രദ്ധേയമാണ് എന്നും കോടതി നിരീക്ഷിച്ചു.

3. A 8 ന് എതിരായ അതിജീവിതയുടെ ആരോപണങ്ങളിൽ ഉണ്ടായ വലിയ കാല താമസം പ്രോസിക്യൂഷന് തിരിച്ചടിയാണ്.

4. സംശയാതീതമായ "നിയമപരമായ തെളിവുകളുടെ " അഭാവം പ്രോസിക്യൂഷന് കേസ് തെളിയിക്കുന്നതിൽ വിലങ്ങ് തടിയായി.

അതിജീവിതയുടെ അഭിഭാഷകയുടെ അഭിപ്രായത്തിൽ നിരവധി തെളിവുകൾ , ഹാജരാക്കിയിട്ടുണ്ട്. ശരിയായിരിക്കാം. എന്നാൽ കോടതി, നിയമപരമായ തെളിവുകൾ മാത്രമേ  പരിഗണിക്കൂ. അതായത് ഇന്ത്യൻ തെളിവെടുപ്പ് നിയമം വകുപ്പകൾ, 5 മുതൽ 55 വരെ ( BSA 2023 ലെ വകുപ്പുകൾ 4 മുതൽ 57 വരെയും) പറയുന്ന കാര്യങ്ങൾ മാത്രം ആണ് ഈ നിർണ്ണായക ഗണത്തിൽ പെടുകയുള്ളൂ.

1. കാളിരാം v. സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ് – (1973) 2 SCC 808

ഈ കേസിൽ സുപ്രീം കോടതി പറഞ്ഞത് സംശയത്തിൻ്റെ ആനുകൂല്യം എപ്പോഴും കോടതി പ്രതിക്ക് മാത്രം നൽകണം എന്നാണ്.   പ്രതി കുറ്റം ചെയ്തിരിക്കാം എന്ന അനുമാനത്തിൽ പ്രതിയെ ശിക്ഷിക്കരുത് എന്നും, എന്നാൽ പ്രതി യഥാർത്ഥത്തിൽ കുറ്റം ചെയ്തു എന്ന നിയമപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഒരു കോടതി പ്രതിയെ ശിക്ഷിക്കാവൂ എന്നും വ്യക്തമായി പറഞ്ഞ് വക്കുന്നു.

III. ശിക്ഷിക്കപെട്ടത് പ്രതികൾ 1 മുതൽ 6 വരെ മാത്രം – അവർ ശിക്ഷിക്കപെടാനുള്ള കാരണങ്ങൾ എന്തെല്ലാം ? 

A. തെളിയിക്കപ്പെട്ട കുറ്റങ്ങൾ : 

A1 മുതൽ A6- വരെ ഉള്ളവർക്കെതിരെ താഴെ പറയുന്ന കുറ്റങ്ങൾ പ്രോസിക്യൂഷൻ സംശയാതീതമായി തെളിയിച്ചു എന്ന് കോടതി കണ്ടെത്തി. 

1. 120B IPC – ക്രിമിനൽ ഗൂഢാലോചന

2. 366 IPC – തട്ടി കൊണ്ടുപോകൽ

3. 340 IPC – അനധികൃതമായി തടങ്കൽ വക്കൽ 

4. 354 & 354B IPC – സ്ത്രീത്വത്തിനെതിരായ ആക്രമണം

5. 376D IPC കൂട്ടബലാത്സംഗം

6. 201 IPC – തെളിവ് നശിപ്പിക്കൽ

7. IT Act 66E, 67A - സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രീകരണവും അവയുടെ പ്രചരണവും

B. ശിക്ഷയ്ക്ക് ആധാരമായ തെളിവുകൾ എന്തെല്ലാം ?

1. അതിജീവിതയുടെ മൊഴി കോടതി വിശ്വസനീയമാണെന്ന് കണ്ടത്തിയത് കാരണം

2. മെഡിക്കൽ തെളിവുകൾ

3. വാഹനം, യാത്രാ വഴികൾ

4. വീഡിയോ ദൃശ്യങ്ങൾ

5. ഫോൺ കോൾ രേഖകൾ

ആധാരമായ  വിധിന്യായങ്ങൾ : 

1. സ്റ്റേറ്റ് ഓഫ് പഞ്ചാബ് v. ഗുർമിത് സിംഗ് – (1996) 2 SCC 384

C. 1 മുതൽ 6 വരെ പ്രതികൾക്ക് , നൽകിയ 20 വർഷം കഠിന തടവ് – അതിനുള്ള കാരണം: 

IPC 376 D പ്രകാരം ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും മിനിമം ശിക്ഷ 20 വർഷം ആണ്. 20 വർഷം മുതൽ ജീവപര്യന്തം വരെയാണ് കോടതിക്ക് ഈ വകുപ്പിൽ കൊടുക്കാവുന്ന ശിക്ഷ . അതിൽ ഏറ്റവും കുറഞ്ഞ 20 വർഷം കഠിന തടവ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് നിർബന്ധമാണ്. അത് മാത്രമേ കോടതി ഇവർക്ക് നൽകിയുള്ളൂ. നിർഭയ കേസ് പോലെ തന്നെ കേരള മനസാക്ഷിയെ പിടിച്ച് കുലുക്കിയ ഈ ഒരു കേസിൽ പ്രതികൾക്ക് 376 D IPC പ്രകാരമുള്ള കൂട്ട ബലാൽ സംഗത്തിന് , അതിനെറ ഏറ്റവും ചുരുങ്ങിയ ശിക്ഷയായ 20 വർഷം മാത്രം നൽകിയത് എല്ലാ നിയമ വിദഗ്ദരെയും തെല്ല് ഒന്ന്അമ്പരിപ്പിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്  !   ഇത്രയും ഭീകരവും ആസൂത്രിതവുമായ ഒരു കൂട്ടബലാത്സംഗ കേസിൽ  മിനിമം ശിക്ഷ മാത്രം നൽകിയത് നിർഭയ വിധിയുടെയും അതിനെത്തുടർന്ന് ഉണ്ടായ നിയമഭേദഗതിയുടെയും  ആത്മാവിനോട്  യോജിക്കുന്നുണ്ടോ ? സംശയം ആണ്. 

376D IPC : നിർഭയ കേസിന് ശേഷമുള്ള ഭേദഗതി എന്താണ് ? :

2013-ലെ Criminal Law (Amendment) Act— (നിർഭയ കേസിന് പിന്നാലെ വന്ന ഭേദഗതി) — പ്രകാരം,  കൂട്ടബലാത്സംഗത്തെ ഏറ്റവും ഗുരുതരമായ ഒരു കുറ്റമായി കണക്കിലെടുത്തു.

2013 ലെ ക്രിമിനൽ ഭേദഗതിക്ക് ശേഷം, IPC 376D, യിൽ താഴെ പറയുന്ന  ഭേദഗതികൾ നിലവിൽ വന്നു :

1. ഏറ്റവും കുറഞ്ഞ ശിക്ഷ 20 വർഷം കഠിന തടവ് ആക്കി മാറ്റി. അതേസമയം, പരമാവധി ശിക്ഷ ജീവപര്യന്തം ആക്കി മാറ്റി. (ജീവിതാവസാനം വരെ).  അതായത് 20 വർഷം കഠിന തടവ് എന്നത് ഏറ്റവും ചുരുങ്ങിയ ശിക്ഷ മാത്രമാണ്. കോടതിക്ക് ആ ശിക്ഷ ഉയർത്താനുള്ള പൂർണ്ണ അധികാരം ഉണ്ട്. ജീവപര്യന്തം തടവ് വരെ കോടതികൾക്ക് ഇത്തരം കേസിലെ പ്രതികൾക്ക് നൽകാൻ കോടതിക്ക്             അധികാരം ഉണ്ട്.

1. മുകേഷ് v. സേറ്റ്റ്റ് (നിർഭയ കേസ് ) (2017) 6 SCC 1

ഇന്ത്യൻ മനസ്സാക്ഷിയെ ഞ്ഞെട്ടിച്ച " നിർഭയ കേസ് "  എന്ന ഈ കേസിൽ സുപ്രീം കോടതി വ്യക്തമായി പറഞ്ഞു:

“കൂട്ടബലാത്സംഗം വ്യക്തിക്കെതിരെയുള്ള കുറ്റമല്ല;   അത് സമൂഹത്തിന്റെ മനസ്സാക്ഷിക്കെതിരെയുള്ള കുറ്റമാണ്.”

ആസൂത്രണം, ക്രൂരത, അപമാനം, ദൃശ്യങ്ങൾ പകർത്തൽ etc എന്നിവ കൂടെയുണ്ടെങ്കിൽ പരമാവധി ശിക്ഷ തന്നെയാണ് നിയമത്തിന്റെ ആത്മാവ് എന്ന്  കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.    ഇവിടെ ഉള്ള അതിഗുരുതര സ്വഭാവമുള്ള ഘടകങ്ങൾ (Aggravating Factors) കോടതി പരിഗണിച്ചോ എന്ന കാര്യത്തിൽ സംശയം ഉണ്ട്.

 ഈ കേസിലെ  അതിഗുരുതര സ്വഭാവമുള്ള ഘടകങ്ങൾ താഴെ പറയുന്നവയാണ് :

* മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പദ്ധതി ഉണ്ടായിരുന്നു

* രാത്രി യാത്രക്കിടയിൽ തട്ടി കൊണ്ടുപോകൽ ഉണ്ടായിരുന്നു.

* ഓടി കൊണ്ടിരിക്കുന്ന വാഹനത്തിലെ  ലൈംഗിക പീഡനം

* ദൃശ്യങ്ങൾ പകർത്തി അപമാനിക്കൽ

* ഇരയ്ക്ക് മാനസികമായും സാമൂഹികമായും ഗുരുതരമായ പീഡ   നൽകൽ

ഇവയെല്ലാം പരമാവധി ശിക്ഷയായ ജീവപര്യന്തത്തിന് അനുകൂല ഘടകങ്ങളാണ്.

ഒന്നാം പ്രതി കോടതിയുടെ  “ദയ” അർഹിക്കുന്നുവോ ?

ഇവിടെ ഏറ്റവും നിർണായകമായ ഒരു കാര്യം,  ഒന്നാം പ്രതി മുമ്പ് സമാന സ്വഭാവമുള്ള കേസിൽ  ശിക്ഷ അനുഭവിച്ചയാളാണ്.  അത് കൊണ്ട് തന്നെ, ഇത്തരം സന്ദർഭങ്ങളിൽ, നിയമം പറയുന്നത് എന്തെന്നാൽ, ഒന്നാം പ്രതി ഒരു ദയയും അർഹിക്കുന്നില്ല എന്ന് തന്നെയാണ്.  

സ്ഥിരo കുറ്റവാളിയായ ഒരാളാട്  വിധിയെ കുറിച്ച് ചോദിക്കുമ്പോൾ, കോടതി ദയ കാണിക്കേണ്ടതില്ല  എന്ന് തന്നെയാണ്  നിയമത്തിലെ  വ്യവസ്ഥകൾ.  കാരണം, നമ്മുടെ  ക്രിമിനൽ ജൂറിസ് പ്രുഡൻസ് പ്രകാരം ഒരാളെ ജയിൽ ശിക്ഷ വിധിക്കുന്നതിൻറ , ഉദ്ദേശ്യം തന്നെ , അയാളെ നവീകരിക്കുക അല്ലെങ്കിൽ പുനരുദീകരിച്ച് പുതിയ മനുഷ്യനാക്കുക എന്നത് തന്നെയാണ് ' അങ്ങിനെ എങ്കിൽ, മറ്റൊരു കേസിൽ ജയിൽശിക്ഷ കഴിഞ്ഞ ഒരാളാണ് ഈ കേസിലെ ഒന്നാം പ്രതി എങ്കിൽ, അയാളുടെ നവീകരണം അസാധ്യമാണ് എന്ന്    തന്നെയാണ്  വ്യക്തമാകുന്നത്. അത്തരത്തിലുള്ള ഒരാൾക്ക് വേണ്ടി കോടതി കൂട്ടബലാൽസംഘ കേസിൽ  മിനിമം ശിക്ഷയായ 20 വർഷം മാത്രം നൽകുന്നത് തികച്ചും നിർഭയ കേസിൻ്റെ  വിധിയുടെ തത്വങ്ങൾക്ക് എതിരാണ്.

പ്രതികൾ കുറ്റക്കാരാണ് എന്ന് കണ്ട്, കഴിഞ്ഞാൽ ശിക്ഷാ വിധിയെ കുറിച്ച് ശിക്ഷ പറയുന്ന കാര്യത്തിൽ,  സുപ്രീം കോടതി പല കേസുകളിലായി അവരുടെ നിലപാട് അറിയിച്ചിട്ടുണ്ട്.

പ്രധാന വിധികൾ താഴെ കൊടുക്കുന്നു:

1. സ്റ്റേറ്റ് ഓഫ് MP v. ബബ്ലു    (2014) 9 SCC 28

ഹീന കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരോട് കോാടതി  അനാവശ്യമായ ദയ കാണിക്കണ്ടതില്ല . അതുപോലെ തന്നെ, സ്ഥിരം കുറ്റവാളികളോടും  , കോടതി യാതൊരു ദയയും കാണിക്കേണ്ടതിില്ല.

മാത്രവുമല്ല , ഗുരുതര സ്വഭാവമുള്ള ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരുടെ ശിക്ഷയി ഏതെങ്കിലും കോടതി അവരുടെ ശിക്ഷ കുറച്ചാൽ അതിന് ആ കോടതി CrPC വകുപ്പ് 354 (3) പ്രകാരം പ്രത്യേകം ഒരു കാരണം രേഖപ്പെടുത്തേണ്ടത് ഉണ്ട്.  പുതിയ നിയമമായ BNSS (2023) ഇതിനെ കൂടുതൽ ശക്തമാക്കുന്നും ഉണ്ട്.

ഇതിൽ കേരള റൈഹക്കോടതിയുടെ വിധി ന്യായങ്ങൾ : 

1. സ്റ്റേറ്റ് ഓഫ് കേരള vs റഷീദ്

(2019 (3) KLT 1012)

ഈ ഗുതര സ്വഭാവമുള്ള കേസിൽ , പ്രതികൾക്ക് മിനിമം ശിക്ഷ കൊടു ക്കുന്നത് നല്ല കീഴവഴക്കമല്ല, എന്ന് കേരള ൈഹക്കോടതി അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചിട്ടുണ്ട്.

കുറ്റം അത്യന്തം ഭീകരമാണെങ്കിൽ, ശിക്ഷയും ആനുപാതികമായി വലുത് ആയിരിക്കണം. എന്നാൽ മാത്രമേ , ശിക്ഷാ പ്രതികളെ നവീകരിക്കാൻ കഴിയൂ.

കൂട്ടബലാത്സംഗം പോലുള്ള ഗുരുതര കേസുകളിൽ  കൂടി മിനിമം ശിക്ഷ മാത്രം യാന്ത്രികമായി നൽകുന്നത്:

* ഇരയ്ക്കുള്ള നീതി ദുർബലപ്പെടുത്തും

* സമൂഹത്തിന് തെറ്റായ സന്ദേശം നൽകും

D. നഷ്ടപരിഹാരം :

വകുപ്പ് 357 CrPC പ്രകാരം  അതിജീവിതക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി പ്രതികളോട് ആവശ്യെപ്പെട്ടു.

ആധാരമായ പഴയ വിധിന്യായങ്ങൾ :

1. അങ്കുഷ് ഗായ്ക്വാഡ് v. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര – (2013)

ഈ സുപ്രധാന വിധിയിലാണ് ഇരക്ക് നിർബന്ധമായും പ്രതികൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി പ്രസ്താവിച്ചത്. ആവശ്യമെങ്കിൽ എന്ന വാക്ക് മാറ്റി നിർബന്ധമായും നഷ്ടപരിഹാരം നൽകണമെന്നും കോടതി  ഈ കേസിൽ  വ്യക്തമാക്കുക ഉണ്ടായി.

IV. സമാപനം

ഈ വിധി നമ്മെ പഠിപ്പിക്കുന്നത് എന്താണ് ?

1. നിയമപരമായ തെളിവുകളാണ് ക്രിമിനൽ കോടതികൾ പ്രതികളെ ശിക്ഷിക്കുന്നതിന് അടിസ്ഥാനമായി പരിഗണിക്കുന്നത് .

2 . ക്രിമിനൽ ഗൂഢാലോചന ആരോപണം അതീവ സൂക്ഷ്മതയോടെ തെളിയിക്കേണ്ട ഒന്നാണ്. 

3. സംശയങ്ങളും ഊഹാപോഹങ്ങളും  വികാരങ്ങളും അല്ല , പൂർണ്ണമായും നിയമപരമായ തെളിവുകൾ മാത്രമാണ് കോടതി പരിഗണിക്കുന്നത്.

ക്രിമിനൽ നിയമത്തിൻ്റെ ഈ അടിസ്ഥാന തത്വങ്ങൾ അറിയാത്ത ബഹുഭൂരിപക്ഷം വരുന്നവരാണ് ഈ വിധിയെയും ജഡ്ജിനെയും വിമർശിക്കുന്നതും വികാരപരമായി പ്രതികരിക്കുന്നതും. 

A8-നെ കുറ്റക്കാരനല്ല എന്ന് കണ്ടെത്തി നിരുപാധികം വെറുതെവിട്ടത് കുറ്റത്തെ ചെറുതാക്കുന്നതില്ല , അത്പോലെ, A1 മുതൽ A6 വരെയുള്ളവരുടെ ശിക്ഷ തെളിവുകൾ നോക്കാതെ വൈകാരികവും അല്ല .


സലിൽ കുമാർ

അഡ്വക്കേറ്റ്

കോഴിക്കോട് - 673001

Ph:  8075113965






0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home